കണ്ണൂർ: 2024 ജൂലൈ 31ന് വന്ന കേന്ദ്ര ഗവൺമെന്റ് ഗസറ്റ് നോട്ടിഫിക്കേഷൻ പ്രകാരം കേരളത്തിലെ ഇഎസ്എ യുമായി ബന്ധപ്പെട്ട എല്ലാ നടപടിക്രമങ്ങളും കേരള ഹൈക്കോടതി 2024 ഒക്ടോബർ നാലാം തീയതി വരെ സ്റ്റേ ചെയ്തിരിക്കുന്നു. (WPC no 33801/2024)
കിഫ മാനേജിംഗ് ബോർഡ് മെമ്പർ തോംസൺ കെ ജോർജ് ( പൂഞ്ഞാർ തെക്കേക്കര വില്ലേജ്) കിഫ കോട്ടയം ജില്ലാ കമ്മിറ്റി അംഗം ടോബിൻ സെബാസ്റ്റ്യൻ (തീക്കോയ് വില്ലേജ് ) എന്നിവർ നൽകിയ ഹർജിയിലാണ് കേരള ഹൈക്കോടതിയുടെ വിധി.
ഗസറ്റിലെ പരാമർശത്തിന് വിരുദ്ധമായി കേരള കാലാവസ്ഥ വ്യതിയാന വകുപ്പിന്റെ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന മാപ്പുകൾ ഉണ്ടാക്കിയ ആശയക്കുഴപ്പം തീർക്കുക, പ്രസ്തുത നോട്ടിഫിക്കേഷൻ മലയാളത്തിൽ പ്രസിദ്ധീകരിക്കുക എന്നീ രണ്ട് ആവശ്യങ്ങളാണ് കിഫ ഉന്നയിച്ചത്.
ഈ വിഷയത്തിൽ കേന്ദ്ര ഗവൺമെന്റിന്റെയും സംസ്ഥാന സർക്കാരിന്റെയും വിശദമായ സത്യവാങ്മൂലം ഒക്ടോബർ നാലാം തിയതി സമർപ്പിക്കാൻ കോടതി നിർദ്ദേശിക്കുകയും അതുവരെ കേരളവുമായി ബന്ധപ്പെട്ട ഇ എസ് എ യുടെ എല്ലാ നടപടിക്രമങ്ങളും നിർത്തിവയ്ക്കാൻ ഉത്തരവിടുകയുമാണ് ഉണ്ടായത്.
അഡ്വ. ലിജി വടക്കേടം, അഡ്വ. ജോസ് ചെരുവിൽ, അഡ്വ. ജോസി ജേക്കബ് എന്നിവരാണ് കിഫയ്ക്ക് വേണ്ടി ഹാജരായത്.
Karadin stay!.. Kerala High Court's stay on ESA draft notification proceedings